കാവുംകണ്ടം: വിവാഹ ജൂബിലിയോട് അനുബന്ധിച്ച് കാവുംകണ്ടം ഇടവകയിലെ നിർധന കുടുംബമായ ഇടമന റാണിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ 5 സെന്റ് സ്ഥലം വിട്ടുനൽകിക്കൊണ്ട് ദമ്പതികൾ മാതൃകയായി.
കാവുംകണ്ടം ഇടവകയിലെ നെല്ലിത്താനത്തിൽ കുഞ്ഞേപ്പ് - ത്രേസ്യ ദമ്പതികളാണ് തങ്ങളുടെ വിവാഹത്തിന്റെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് സ്ഥലം വിട്ടു നടക്കാൻ സന്മനസ്സോടെ മുന്നോട്ടുവന്നത്. ഇടവകയിൽ കിടപ്പാടം ഇല്ലാത്ത കുടുംബത്തിന് തലചായ്ക്കാൻ ഇടം നൽകണമെന്ന ഇടവക വികാരി ഫാ. സ്കറിയ വേകത്താനത്തിന്റെ നിർദ്ദേശവും ഉപദേശവും സ്വീകരിച്ചാണ് ഇത്തരം സദുദ്യമത്തിന് മുന്നിട്ടിറങ്ങിയത്.
ഏതാനും വർഷങ്ങൾക്ക് മുൻപ് ഇടവകയിലെ ഭവനരഹിതരായ ഒരു കുടുംബത്തിന് 4 സെന്റ് സ്ഥലം വീടുവയ്ക്കാൻ വിട്ടു നൽകിക്കൊണ്ട് ഒരു കുടുംബത്തിന് തണലേകിയ കുഞ്ഞേപ്പുചേട്ടൻ ഇതിനോടൊപ്പം നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
കോവിഡ് കാലത്ത് കുട്ടികളുടെ ഓൺലൈൻ ക്ലാസിനുവേണ്ടി മൊബൈൽ ഫോൺ വാങ്ങുവാൻ നിർവാഹമില്ലാത്ത പത്തു കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങി കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കി നൽകിയതും ഏറെ പ്രശംസ പിടിച്ചു പറ്റിയ പ്രവർത്തനമായിരുന്നു.
വഴി സൗകര്യം ഇല്ലാതിരുന്ന ഏതാനും കുടുംബങ്ങൾക്ക് നടപ്പ് വഴി നൽകുകയും കുഞ്ഞേപ്പുചേട്ടൻ മാതൃകയായി. തന്റെ സ്വത്തിലെ നാല് സെന്റ് സ്ഥലം ഒരു നിർധന കുടുംബത്തിന് വീട് വയ്ക്കാൻ വിട്ടു നൽകാൻ തീരുമാനിച്ചിരിക്കുകയാണ് കുഞ്ഞേപ്പുചേട്ടനും കുടുംബവും.
സമൂഹത്തിലെ നിരാലംബരോടും പാവപ്പെട്ടവരോടുമുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും മാതൃകായോഗ്യമായ പ്രവർത്തനമാണ് നെല്ലിത്താനത്തിൽ കുഞ്ഞേപ്പുചേട്ടനും കുടുംബവും സമൂഹത്തിൽ ചെയ്യുന്നതെന്ന് കാവുംകണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം പ്രസ്ഥാപിച്ചു. വിവാഹത്തിന്റെ അറുപതാം ജൂബിലിയോടനുബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇത്തരം അനുകരണീയ പ്രവർത്തനങ്ങൾ തുടരട്ടെ എന്ന് വികാരിയച്ചൻ ആശംസിച്ചു. കോവിഡ് കാലയളവിൽ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യകിറ്റ് നൽകിയും ഏതാനും വീടുകളുടെ അറ്റകുറ്റപ്പണികൾ ചെയ്തും രണ്ട് വീടുകൾ നിർമ്മിച്ചു നൽകിയും സമൂഹത്തിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ കാവുംകണ്ടം ഇടവക ഇതിനോടകം നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
എല്ലാ മാസവും കാരുണ്യ സ്ഥാപനങ്ങൾക്ക് പൊതിച്ചോർ ശേഖരിച്ച് വിതരണം ചെയ്യുന്നു. വസ്ത്രം, ഭക്ഷ്യവസ്തുക്കൾ, പഠനോപകരണങ്ങൾ എന്നിവ ഇടവകയിലെ വീടുകളിൽ നിന്ന് ശേഖരിച്ച് കാരുണ്യ സ്ഥാപനങ്ങൾക്ക് നൽകുന്നു. കാവുംകണ്ടം ഇടവകയിലെ കുടുംബ കൂട്ടായ്മാടിസ്ഥാനത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു.









