Hot Posts

6/recent/ticker-posts

കോവിഡ് ബാധിതരുടെ എണ്ണമേറുന്നു



കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. പനി ബാധിതരുടെ എണ്ണത്തിലും വർധനവുണ്ട്. 



കഴിഞ്ഞ മാസം 4 പേർ മാത്രം ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 17 കോവിഡ് ബാധിതരാണു ചികിത്സയിൽ. ഇതിൽ 5 പേർ വെന്റിലേറ്ററിലാണ്. 60 വയസ്സിനു മുകളിലുള്ളവരാണ് കൂടുതൽ. 


മുൻ വർഷങ്ങളിലും ഏപ്രിൽ, മേയ് മാസങ്ങളിൽ കോവിഡ് വ്യാപനത്തോതു വർധിച്ചിരുന്നു. അതിനാൽ സീസണിൽ വരുന്ന വ്യതിയാനമായാണ് ഇപ്പോഴത്തെ മാറ്റത്തെ വിദഗ്ധർ വിലയിരുത്തുന്നത്. ഒരു മാസം മുൻപ് 4 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ കഴിഞ്ഞയാഴ്ച അതു പത്തിലേക്ക് ഉയർന്നു. ഈ മാസം 17 ആയി. 




ഡോക്ടർമാർ ഉൾപ്പെടെ 10 ആശുപത്രി ജീവനക്കാർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമാനമായ രീതിയിൽ മറ്റു സർക്കാർ ആശുപത്രികളിലും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന ഉണ്ടായതായാണ് വിവരം. ഐസിഎംആറിന്റെ സർക്കുലർ പ്രകാരം നിർബന്ധിത കോവിഡ് പരിശോധന ഇപ്പോൾ നടത്താറില്ല. പനി ബാധിതരായി എത്തുന്നവരിൽ കോവിഡ് ലക്ഷണം ഉണ്ടെങ്കിൽ മാത്രമാണു പരിശോധന. കോവിഡ് പരിശോധന വർധിപ്പിച്ചാൽ തോത് ഇനിയും ഉയർന്നേക്കും. 

ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെങ്കിലും മുൻകരുതൽ  കർശനമാക്കണമെന്നാണ് ആരോഗ്യ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. വിവിധ തരത്തിലുള്ള പനി ബാധിച്ച് എത്തുന്ന രോഗികളുടെ എണ്ണവും കൂടി. എന്നാൽ പനിയെത്തുടർന്നു കിടത്തിച്ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വലിയ വർധന യില്ല. പനിബാധിതരുടെ എണ്ണം കൂടിയാൽ മെഡിക്കൽ കോളജിൽ പ്രത്യേക പനി ക്ലിനിക് ആരംഭിക്കും. ഡങ്കിപ്പനി, എലിപ്പനി എന്നിവയും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രതിമാസം 5 മുതൽ 7 കേസുകളാണ് ഈ ഇനത്തിൽ മെഡിക്കൽ     കോളജിൽ എത്തുന്നത്.

Reactions