ന്യൂഡൽഹി: പഠനനിലവാര മൂല്യനിർണയത്തിനായുള്ള എഴുത്തു പരീക്ഷകൾ മൂന്നാം ക്ലാസുമുതലുള്ള വിദ്യാർഥികൾക്കുമാത്രം മതിയെന്ന് സ്കൂൾ വിദ്യാഭ്യാസം സംബന്ധിച്ച ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ രൂപരേഖയിൽ ശുപാർശ.
കർശനമായ പരീക്ഷകൾ രണ്ടാം ക്ലാസുവരെയുള്ള വിദ്യാർഥികൾക്ക് ചേർന്ന മൂല്യനിർണയ ഉപകരണമല്ല. അത് കുട്ടികൾക്ക് അധികഭാരമാകും. അതിനാൽ രണ്ടാം ക്ലാസുവരെയുള്ള വിദ്യാർഥികൾക്ക് പരീക്ഷ നടത്തരുതെന്നാണ് കരട് രൂപരേഖയിലെ വിശദീകരണം. ഐ.എസ്.ആർ.ഒ. മുൻ മേധാവി കെ. കസ്തൂരിരംഗൻ അധ്യക്ഷനായ പന്ത്രണ്ടംഗസമിതി തയ്യാറാക്കിയ കരടിൽ പൊതുജനങ്ങൾക്കും അഭിപ്രായമറിയിക്കാനുള്ള അവസരമുണ്ട്.
കുട്ടികളുടെ നിരീക്ഷണങ്ങൾ, പഠനത്തിന്റെ ഭാഗമായി അവർ സ്വയം നിർമിച്ച വസ്തുക്കളുടെ വിശകലനം എന്നിവ മാത്രമാണ് രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് അനുയോജ്യമായ മൂല്യനിർണയ രീതികളെന്ന് കരടിൽ പറയുന്നു. പഠനത്തിലുള്ള കുട്ടികളുടെ വൈവിധ്യം അധ്യാപകർ അംഗീകരിക്കണം.
ഒരേ വിഷയം വ്യത്യസ്ത വിദ്യാർഥികൾ വിവിധതരത്തിൽ പഠിക്കുകയും വ്യത്യസ്തമായി പ്രകടിപ്പിക്കുകയും ചെയ്യും. അതിനാൽ കുട്ടികൾ വ്യത്യസ്ത രീതിയിൽ ഒരേ വിഷയം പ്രകടിപ്പിക്കുമ്പോൾ അത് മൂല്യനിർണയം നടത്തി വിലയിരുത്താനുള്ള കഴിവ് അധ്യാപകന് വേണം.
കുട്ടികളുടെ പ്രകടനം സംബന്ധിച്ച് തെളിവുകൾ അധ്യാപകർ ശേഖരിച്ച് പുരോഗതി വിലയിരുത്താനുള്ള രേഖയായി സൂക്ഷിക്കണം. കുട്ടിക്ക് അധിക ഭാരം ഉണ്ടാക്കുന്ന മൂല്യനിർണയം ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും കരടിൽ പറയുന്നു.
മൂന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ കുട്ടികളുടെ മൂല്യനിർണയത്തിനായി പരീക്ഷയ്ക്കൊപ്പം അവർ ചെയ്ത പാഠ്യപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പോർട്ട്ഫോളിയോകൾ സൂക്ഷിക്കാം. കുട്ടിയുടെ പഠനനിലവാരം സംബന്ധിച്ച് മാതാപിതാക്കൾക്ക് നൽകാൻ വിശ്വസനീയമായ രേഖയായി പോർട്ട്ഫോളിയോ പ്രവർത്തിക്കും.
ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം വിലയിരുത്താൻ പോർട്ട്ഫോളിയോകൾക്കൊപ്പം പ്രോജക്ടുകൾ, സംവാദങ്ങൾ, അവതരണങ്ങൾ, പരീക്ഷണങ്ങൾ, അന്വേഷണങ്ങൾ, റോൾപ്ലേകൾ തുടങ്ങിയ മൂല്യനിർണയ വിദ്യകളും ഉപയോഗിക്കണം. ടേർമിനൽ പരീക്ഷകൾ, യൂണിറ്റ് പരീക്ഷകൾ എന്നിങ്ങനെ പതിവ് പരീക്ഷകളും നടത്താമെന്നും കരടിൽ പറയുന്നു.







