ഇപ്പോൾ മറ്റൊരു ഇന്ത്യൻ നിർമിത ചുമമരുന്നിനെതിരെ കൂടി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ലോകാരോഗ്യസംഘടന. മാർഷൽ ഐലൻഡ്സിലും മൈക്രോനേഷ്യയിലും വിതരണം ചെയ്ത കഫ് സിറപ്പുകളാണ് ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയത്.
പഞ്ചാബ് ആസ്ഥാനമായുള്ള ക്യു.പി ഫാർമാകെം ലിമിറ്റഡിന്റെ Guaifenesin TG syrup എന്ന കഫ്സിറപ്പിനെതിരെയാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. പ്രസ്തുത മരുന്നിൽ അനിയന്ത്രിതമായ അളവിൽ ഈതലീൻ ഗ്ലൈക്കോളിന്റെയും ഡയാതൈലീൻ ഗ്ലൈക്കോളിന്റെയും സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ഇരു ഘടകങ്ങളും വിഷമയമാർന്നതും മനുഷ്യ ശരീരത്തിലെത്തുന്നതു വഴി മരണകാരണമായേക്കാവുന്നതും ആണെന്ന് വിദഗ്ധർ പറയുന്നു.
ഓസ്ട്രേലിയയിലെ ഡ്രഗ് റെഗുലേറ്ററി ഏജൻസിയായ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷനിൽ നടത്തിയ പരിശോധനയിലാണ് Guaifenesin TG syrup നിലവാരം പുലർത്തിയിട്ടില്ലെന്ന് കണ്ടെത്തിയതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രിലിയം ഫാർമയാണ് സിറപ്പ് മാർക്കറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ മരുന്ന് നിർമാണ കമ്പനിയോ മാർക്കറ്റ് ചെയ്യുന്ന കമ്പനിയോ മരുന്നിന്റെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച് ലോകാരോഗ്യസംഘടനയ്ക്ക് ഉറപ്പ് നൽകിയിട്ടില്ലെന്നും ലോകാരോഗ്യസംഘടനയുടെ പ്രസ്താവനയിൽ പറയുന്നുണ്ട്.
അതിനിടെ ഇന്ത്യൻ സർക്കാരിനെ അപകീർത്തിപ്പെടാൻ സിറപ്പിൽ ആരോ മായം കലർത്തിയതാണെന്ന് ക്യു.പി ഫാർമാകെം ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സുധീർ പഥക് പറഞ്ഞു. എല്ലാ ഗുണനിലവാര പരിശോധനയ്ക്കും ശേഷമാണ് കംബോഡിയയിലേക്ക് മരുന്ന് അയച്ചിട്ടുള്ളതെന്നും എന്നാൽ മാർഷൽ ഐലൻഡ്സിലോ, മൈക്രോനേഷ്യയിലോ മരുന്ന് എത്തിയത് എങ്ങനെയെന്ന് തനിക്കറിയില്ലെന്നും സുധീർ പറഞ്ഞു.





