കാവുംകണ്ടം: കാർഷിക മേഖലയിലെ പ്രതിസന്ധിയും കാർഷികോല്പന്നങ്ങളുടെ വില തകർച്ചയും കർഷക ജീവിതം ദുസഹമാക്കി മാറ്റിയെന്ന് എകെസിസി കാവുംകണ്ടം യൂണിറ്റ് പ്രസ്താവിച്ചു. റബ്ബർ, നാളികേരം, കുരുമുളക്, നെല്ല് തുടങ്ങി വിവിധ കാർഷികോല്പന്നങ്ങൾക്ക് ന്യായവില ഉറപ്പ് വരുത്തുവാനും കാർഷികവിളകളുടെ നാശനഷ്ടത്തിന് അർഹമായ തുക ഇൻഷുറൻസ് ലഭ്യമാക്കുവാനും വേണ്ട നടപടി സ്വീകരിക്കണമെന്ന് വികാരി ഫാ. സ്കറിയ വേകത്താനം അധികാരികളോട് ആവശ്യപ്പെട്ടു.
കർഷകന്റെ ഉന്നമനത്തിന് വേണ്ടി കാർഷിക ക്ഷേമനിധി നിലനിർത്തിക്കൊണ്ട് കർഷക പെൻഷൻ മുടങ്ങാതിരിക്കുവാനുള്ള അടിയന്തര നടപടി ബന്ധപ്പെട്ട അധികാരികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ബഫർ സോൺ വിഷയത്തിൽ കർഷകരുടെ ആശങ്കകൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡേവിസ് കല്ലറയ്ക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാർഷികോല്പന്നങ്ങളുടെ വിലയിടിവിൽ പ്രതിഷേധിച്ചുകൊണ്ട് വികാരി ഫാ.സ്കറിയ വേകത്താനം പ്രതിഷേധ ജ്വാല ഡേവീസ് കല്ലറയ്ക്കലിന് കൈമാറി കർഷക സമ്മേളനം ഉദ്ഘാടനം ചെയ്തു.





