കോട്ടാംപട്ടി ഗൗരിനഗറിലെ അപ്പാർട്മെന്റിൽ കോളജ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ. ഇടയാർപാളയം സ്വദേശി സുജയ് (30), ഇയാളുടെ മലയാളിയായ ഭാര്യ രേഷ്മ (25) എന്നിവരെയാണ് കണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ ഇടയാർപാളയം സ്വദേശിയും സ്വകാര്യ കോളജിൽ ബിരുദ വിദ്യാർഥിയുമായ സുബ്ബലക്ഷ്മി (20) ആണു കൊല്ലപ്പെട്ടത്.
സുബ്ബലക്ഷ്മിയെ മേയ് രണ്ടിനാണ് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ വ്യാപാരിയായ സുജയിന്റെ അപ്പാർട്ട്മെന്റിൽനിന്ന് രാത്രിയോടെ പെൺകുട്ടിയുടെ അലർച്ച കേട്ട അയൽവാസികൾ വിവരം അറിയിച്ചതനുസരിച്ചു മഹാലിംഗപുരം പൊലീസ് സ്ഥലത്തെത്തിയപ്പോഴാണു മൃതദേഹം കണ്ടത്.
കൊലപാതകത്തിനു ശേഷം സുജയും രേഷ്മയും ബൈക്കിൽ നാടു വിടുകയായിരുന്നുവെന്നാണ് സൂചന. ഇരുവരും കണ്ണൂർ ജില്ലയിൽ പ്രവേശിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് എസിപിയുടെ നിർദ്ദേശപ്രകാരം പൊലീസ് പരിശോധന നടത്തുകയായിരുന്നു.
ടൗൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജിൽനിന്ന് പുലർച്ചയോടെ ഇരുവരെയും പിടികൂടിയത്. ഇവരെ തമിഴ്നാട് പൊലീസിനു കൈമാറി.





