എരുമേലി ചേനപ്പാടിയിൽ പകലും രാത്രിയുമായി ഭൂമിക്കടിയിൽ നിന്ന് സ്ഫോടനശബ്ദം കേട്ടതോടെ ജനം പരിഭ്രാന്തിയിലാമ്. ഇന്നലെ രാത്രിയിൽ 3 തവണ വലിയ ശബ്ദത്തിൽ മുഴക്കവും ചില സ്ഥലങ്ങളിൽ നേരിയ ചലനവും ഉണ്ടായതായിട്ടാണു പ്രദേശവാസികൾ പറയുന്നത്.
ഇന്നലെ പുലർച്ചെയും വൈകിട്ട് 5.30നും ചെറിയ മുഴക്കം കേട്ടിരുന്നെങ്കിലും രാത്രി 8.15നും 8.45നും 9നും മൂന്നു തവണ വലിയ സ്ഫോടനശബ്ദം കേട്ടതോടെ ജനങ്ങൾ ഭയന്ന് വീടുകളിൽനിന്ന് പുറത്തിറങ്ങി.
ഇടയാറ്റുകാവ്, കരിമ്പൻമാവ്, വട്ടോത്തറ, പാതിപ്പാറ എന്നിവിടങ്ങളിൽ വലിയ ശബ്ദമാണു കേട്ടത്. സ്ഫോടനശബ്ദം കേട്ടതായി പലരും അറിയിച്ചെന്നും റവന്യു വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതായും തഹസിൽദാർ ബെന്നി മാത്യു പറഞ്ഞു.
ശബ്ദം വ്യക്തമായി കേട്ടതായും വലിയ സ്ഫോടനശബ്ദം കേട്ടതായി മിക്ക സ്ഥലത്തുനിന്നും നാട്ടുകാർ വിളിച്ചറിയിച്ചുവെന്നും ചേനപ്പാടി ഗ്രാമപ്പഞ്ചായത്തംഗം ഹർഷകുമാർ പറഞ്ഞു.






