തിരുവനന്തപുരം: ശമ്പളവിതരണത്തിൽ കാലതാമസം നേരിടുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ഇന്ന് (മെയ് 8) ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക്.
പണിമുടക്ക് സമരത്തിന് പുറമെ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തുമെന്ന് സംഘടന അറിയിച്ചിട്ടുണ്ട്. ആരെയും നിര്‍ബന്ധിച്ച് പണിമുടക്ക് സമരത്തിന്‍റെ ഭാഗമാക്കില്ലെന്നും യൂണിയന്‍ നേതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കി.
അതിനിടെ സമരം ചെയ്യുന്നവർക്കെതിരെ അധികൃതർ ഡയസ്നോൺ പ്രഖ്യാപിച്ചു. ഈ മാസം ഇതുവരെ വിതരണം ചെയ്തത് ശമ്പളത്തിന്‍റെ ആദ്യ ഗഡു മാത്രമാണ്. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂർ നേരത്തേക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
പണിമുടക്കി സമരം ചെയുന്നത് ബിഎംഎസ് യൂണിയൻ മാത്രമാണെന്നതിനാൽ സർവീസുകളെ കാര്യമായി ബാധിക്കാനിടയില്ല. ദീർഘദൂര സർവീസുകളെ ബാധിക്കുമെങ്കിലും സാധാരണ സർവീസുകൾ മുടങ്ങില്ലെന്നാണ് വിലയിരുത്തൽ. സമരത്തിൽ പങ്കെടുക്കുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗത മന്ത്രിയും അറിയിച്ചിട്ടുണ്ട്. ഏപ്രിലിലെ ശമ്പളത്തിന്റെ ആദ്യ ഗഡു മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്.
അഞ്ചാം തീയതിക്ക് മുമ്പായി ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും ലംഘിക്കപ്പെട്ടതോടെയാണ് തൊഴിലാളി സംഘടനകൾ സമരത്തിലേക്ക് നീങ്ങിയത്. സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്ത പ്രതിഷേധത്തിലാണ്.





