കടുത്തുരുത്തി: കാൽനടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയി. രക്തം വാർന്ന് അര മണിക്കൂറോളം റോഡിൽ കിടന്ന യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ഇടയാഴം ഹരിജൻ കോളനിയിൽ ജയേഷ് തിലകൻ (29) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിലാണ്.
ഞായറാഴ്ച രാത്രി ഏഴേമുക്കാലിന് ആദിത്യപുരം– മാൻവെട്ടം റോഡിലായിരുന്നു അപകടം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി സമീപമുള്ള ഭാര്യവീട്ടിലേക്കു നടന്നുപോകുന്നതിനിടെ, പാഞ്ഞുവന്ന കാർ ജയേഷിനെ ഇടിച്ചു തെറിപ്പിച്ചു.
അപകടം കണ്ട് ഓടിയെത്തിയെങ്കിലും ചോര വാർന്ന നിലയിലായതിനാൽ ആദ്യം ആളുകൾ മടിച്ചുനിന്നു. പിന്നീട് അയൽക്കാരെത്തിയാണ് ജയേഷിനെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളജിലും എത്തിച്ചത്. കാർ കണ്ടെത്താനായി ആദിത്യപുരത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു.
ജയേഷിന്റെ ഭാര്യ അശ്വതി അസുഖം ബാധിച്ച് ഒരാഴ്ചയായി ആദിത്യപുരത്തുള്ള സ്വന്തം വീട്ടിലാണ്. അവിടേക്കു പോകുന്ന വഴിയാണു ജയേഷ് അപകടത്തിൽപെട്ടത്.







