ഈരാറ്റുപേട്ട: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇനി പൂക്കളുടെ ഭംഗി ആസ്വദിക്കാം. മനം മടുപ്പിക്കുന്ന ദുർഗന്ധത്തിനു വിട. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് മാത്രമല്ല നഗരപരിധിയിലെ 6 സ്ഥലങ്ങൾ ഉദ്യാനത്തോപ്പുകളായി മാറ്റാനുള്ള തയാറെടുപ്പിലാണു നഗരസഭ.
കടുവാമുഴിയിൽ മീനച്ചിലാറിന്റെ സമീപം റോഡരികിൽ പൊന്തക്കാടുകൾ വളർന്ന സ്ഥലം നാളുകളായി മാലിന്യമിട്ടു നശിപ്പിച്ചവർക്ക് ഇനി അതിനു മനസ്സ് വരില്ല. ഇവിടം വെട്ടിത്തെളിച്ചു മാലിന്യം നീക്കി പൂന്തോപ്പാക്കി മാറ്റാൻ ഒരുങ്ങുകയാണ് വിദ്യാർഥികൾ. ഇതേനിലയിൽ മുട്ടം കവലയിലെ വഴിയിടം വിശ്രമകേന്ദ്രത്തിന്റെ സമീപത്തും വിദ്യാർഥികൾ സുഗന്ധം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.
നഗരസഭയുടെ നേതൃത്വത്തിൽ വിവിധ കോളജ്, സ്കൂൾ എൻഎസ്എസ് യൂണിറ്റുകൾ ചേർന്നാണു ‘സ്നേഹാരാമം’ പൂന്തോട്ടം പദ്ധതി ഒരുക്കുന്നത്. ഈ മാസാവസാനം ശുചീകരണവും സൗന്ദര്യവൽക്കരണവും പൂർത്തിയാകുമെന്നു നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ പറഞ്ഞു.

ഈരാറ്റുപേട്ട കെഎസ്ആർടിസി സ്റ്റാൻഡിൽ അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ ആരംഭിച്ച സ്നേഹാരാമത്തിന്റെ നിർമാണോദ്ഘാടനവും നഗരസഭാധ്യക്ഷ നിർവഹിച്ചു. നഗരമധ്യത്തിലെ മഞ്ചാടിത്തുരുത്തിൽ മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും ബിഎഡ് കോളജിലെ എൻഎസ്എസ് യൂണിറ്റും ചേർന്നു സ്നേഹാരാമത്തിന്റെ 2 പദ്ധതികൾ ഒരുക്കുമെന്നു വൈസ് ചെയർമാൻ വി.എം.മുഹമ്മദ് ഇല്യാസ് പറഞ്ഞു.

സെന്റ് ജോർജ് കോളജിലെ എൻഎസ്എസ് യൂണിറ്റ് കടുവാമൂഴിയിലും മൂന്നിലവ് വലിയകുമാരമംഗലം സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് മുട്ടം കവലയിലും സ്നേഹാരാമങ്ങൾ നിർമിക്കും. സ്ഥിരസമിതി അധ്യക്ഷ ഷെഫ്ന അമീൻ, ക്ലീൻ സിറ്റി മാനേജർ ടി.രാജൻ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഫിലിപ്പ്, ശുചിത്വ മിഷൻ പ്രതിനിധികളായ അബ്ദുൽ മുത്തലിബ്, ഹരിശങ്കർ, കെഎസ്ആർടിസി സ്റ്റേഷൻ ഓഫിസർ ഷിബു, സൂപ്രണ്ട് ചിത്ര എന്നിവർ പ്രസംഗിച്ചു.



