കൊട്ടാരമറ്റം ബസ് ടെർമിനലിൽ സ്ഥാപിച്ച ഓട്ടോ സ്റ്റാൻഡിന് നിയമവിധേയമായി അംഗീകാരം നൽകുക, കോൺഗ്രസ് കൗൺസിലർക്കെതിരെ നൽകിയ മോഷണ പരാതി പിൻവലിക്കുക, മായാ രാഹുൽ രാജിവെക്കുമ്പോൾ വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുക്കും, ഭരണ മേൽനോട്ടത്തിനായി യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ സ്റ്റീയറിംഗ് കമ്മിറ്റി രൂപീകരിക്കും എന്നീ നാല് നിർദ്ദേശങ്ങൾ ആണ് കൗൺസിലർമാരുടെ കൂടി അഭിപ്രായം കേട്ട ശേഷം പാർട്ടി നേതൃത്വം സ്വതന്ത്ര മുന്നണിക്ക് മുന്നിൽവെച്ചത്.
യുഡിഎഫിൽ നഗരസഭയിൽ പ്രാധിനിത്യം ഉള്ള ഇതര കക്ഷികളായ കേരള കോൺഗ്രസ്, കെഡിപി എന്നിവർക്ക് മുന്നിലും കോൺഗ്രസ് ഈ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. കോൺഗ്രസ് അവതരിപ്പിച്ച നിർദ്ദേശങ്ങൾ ഉപാധിരഹിതമായി അംഗീകരിക്കുവാൻ സ്വതന്ത്ര മുന്നണിയും ഇതര ഘടക കക്ഷികളും തയ്യാറാകുകയും ചെയ്തു എന്ന് നേതാക്കൾ പറഞ്ഞു.
ബിജു മാത്യൂസ് ഉൾപ്പെടെയുള്ള കോൺഗ്രസ് കൗൺസിലാർമാർ ഉയർത്തിയ എല്ലാ വിഷയങ്ങൾക്കും ഇതോടെ പരിഹാരം കണ്ടു. കൗൺസിലർമാർ നേതൃത്വം നൽകിയ നിർദ്ദേശത്തിനൊപ്പം നിൽക്കുമെന്ന് ആത്മവിശ്വാസവും കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിച്ചു. തങ്ങളുടെ ജനപ്രതിനിധികൾ ഉയർത്തിയ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുവാൻ സാധിച്ചത് പാർട്ടിയുടെ വിജയം ആണെന്നും അവർ അവകാശപ്പെട്ടു.
ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ സുരേഷ്, ഡിസിസി ജനറൽ സെക്രട്ടറി സതീശ് ചൊള്ളാനി, മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ടിൽ എന്നിവരാണ് മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കിയത്.

