ന്യൂഡൽഹി: ഇന്ത്യയിൽ രണ്ട് കോവിഡ് വാക്സീനുകള്‍ ഉപയോഗിക്കുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി . കോവിഷീല്‍ഡ്, കോവാക്സീന്‍ എന്നീ വാക്സീനുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്സീനാണ് കോവാക്സീന്‍. ഓക്സ്ഫോർഡ് സര്‍വകലാശാല വികസിപ്പിച്ച് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്സീനാണ് കോവിഷീല്‍ഡ്.
കോവിഷീല്‍ഡിന് 70.42 ശതമാനം ഫലപ്രാപ്തിയെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അറിയിച്ചു. അടിയന്തര ഉപയോഗത്തിനായി ഉപാധികളോടെയാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകിയത്. കരുതൽ വേണമെന്ന മുന്നറിയിപ്പു നൽകി . സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും അനുമതി നൽകി. കോവാക്സീന്റെ ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധ സമിതി കഴിഞ്ഞദിവസം ശുപാർശ ചെയ്തിരുന്നു. കോവിഷീൽഡിന് അനുമതി നൽകാൻ സമിതി വെള്ളിയാഴ്ചയാണു ശുപാർശ നൽകിയത്.ഇതോടെ ഇന്ത്യയിൽ 2 കോവിഡ് വാക്സീനുകൾ കുത്തിവയ്പിനു സജ്ജമായി. ക്ലിനിക്കൽ ട്രയൽ രീതിയിൽ നിശ്ചിത വിഭാഗം ആളുകളിൽ കർശന ജാഗ്രതയോടെയാകും ഇത് അനുവദിക്കുക. വ്യാപക ഉപയോഗത്തിനുള്ള അനുമതി കോവിഷീൽഡ് വാക്സീനു മാത്രമാകും എന്നാണു സൂചന. കോവിഡ് വാക്സീൻ കുത്തിവയ്പ് തുടങ്ങുമ്പോൾ രാജ്യത്തു ഉടൻ ലഭിക്കുക 3 കോടി പേർക്കാകും. ഒരു കോടി ആരോഗ്യ പ്രവർത്തകരും 2 കോടി പൊലീസ്, പ്രതിരോധ സേനാംഗങ്ങൾ, തദ്ദേശ ആരോഗ്യ,ശുചീകരണ ജീവനക്കാർ എന്നിവരും അടങ്ങുന്ന കോവിഡ് മുന്നണിപ്പോരാളികളാണിത്.
